വയനാട്: മാസപ്പടി കേസിലെ ഹൈക്കോടതി വിധി ഏകപക്ഷീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ അപ്പീൽ നൽകേണ്ടിയിരുന്നത് സംസ്ഥാന സർക്കാരാണെന്നും അപ്പീൽ നൽകാതിരുന്നതിന് പിന്നിൽ ഒത്തുകളിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മൊഴി എങ്ങനെയാണ് തെളിവാകുകയെന്ന കോടതിയുടെ ചോദ്യത്തിന് അഡ്വക്കേറ്റ് ജനറലിന് മറുപടി ഉണ്ടായിരുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പിണറായി വിജയനെതിരെ ഇഡിയുമായി ചേർന്ന് യുഡിഎഫ് സർക്കാർ ആസൂത്രിത നീക്കം നടത്തുകയാണ്. എക്സാലോജിക്കും സിഎംആർഎല്ലും നടത്തിയത് കരാർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക ഇടപാടാണ്.
സേവനം ലഭിച്ചില്ലെന്ന് പറയുന്നത് കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ്. റിയാസിനെതിരായ മൊഴി ഇഡി ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയതാണ്. റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിനെ തോക്കിൻ മുനയിൽ നിർത്തി മൊഴി രേപ്പെടുത്തിയെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇഡിയുടെ യജമാനൻ ബിജെപിയാണ്.
ഇഡിക്ക് അമിതാധികാരം നൽകിയത് യുപിഎ സർക്കാരാണ്. പി. ചിദംബരമാണ് ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ കൊണ്ടുവന്നത്. എന്നാൽ പിന്നീട് ഇതേ ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തുവെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.